Thursday, April 21, 2011

എള്ളും പൂവും ചന്ദനവും..

ചാണകം മെഴുകിയ തറയില്‍ കറുകനാമ്പുകള്‍ കൊണ്ടു മെത്ത വിരിച്ചു. കത്തുന്ന നെയ്‌വിളക്കിന്‍ തിരികള്‍. വെള്ളം നിറച്ചുവെച്ച ഓട്ടുകിണ്ടി ..കൊടിയിലയില്‍ എള്ള്,പൂവ്,ചന്ദനം... വെള്ളി ഉരുളിയില്‍ പാതിവെന്ത ഒണക്കലരിചോറ്.

അച്ഛന്റെ ചിത്രം അവളുടെ മനസ്സില്‍ തെളിയുകയാണ്.

വൈകിയാണെങ്കിലും., തന്റെ ജീവിതത്തിലേക്ക് അച്ഛന്‍ ചൂണ്ടിയ വിരലുകള്‍. അതിലന്നു മനസ്സിലാവാതെ പോയ അര്‍ത്ഥഭേദങ്ങള്‍.

കുളിച്ചീറനായി...വലതു മുട്ടുകാലിലിരുന്നു അവള്‍ പരികര്മിയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു. ശരി തെറ്റുകളുടെ നീണ്ട വിചാരണ മനസ്സില്‍.

ഒന്നും പറയാതെ,ചോദ്യങ്ങളും ഉത്തരങ്ങളും തനിക്കു തന്നെ വിട്ടുതന്നുകൊണ്ട് അച്ഛന്‍ മാറിനിന്നു ചിരിക്കുകയാണ്. ശബ്ദമുണ്ടാക്കതെയുള്ള ചിരി. അവള്‍ക്കറിയാം അതിലേല്ലാമുണ്ടെന്നു, അച്ഛന്‍എന്നും അങ്ങിനെയാ,വാക്കുകള്‍ പാതി മുറിഞ്ഞു ,ചില സൂചനകള്‍ ബാക്കിവെച്ചു ഒരു നീണ്ട ചിരി ചിരിക്കും. അതിന്റെ നാനാര്‍ത്ഥങ്ങളിലേക്ക് പോയാല്‍ മാത്രമേ കാര്യത്തിന്റെ ഗൌരവം പിടി കിട്ടുകയുള്ളൂ.

വെള്ളം കൊടുക്കുക ഒന്‍പതു പ്രാവശ്യം , ഒന്‍പതു പുണ്യനദികളെ മനസ്സില്‍ ‌വിചാരിച്ച്...

ഒരിക്കലും വരണ്ടുപോകാത്ത പുഴകളെ ധ്യാനിച്ച്‌ അവളതനുസരിച്ചു.

മൂന്നുരുള ചോറ് കൊടുക്കുക,

വീണ്ടും വെള്ളം.

നീട്ടിയ വലതു കയ്യിലെക്കയാള്‍ മോരും എള്ളെണ്ണയും ഒഴിച്ചു..

മുന്നില്‍ പരന്നുകിടക്കുന്ന പുഞ്ചപ്പാടങ്ങള്‍, മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന വൈക്കോല്‍ കൂനകള്‍, അടുക്കളയില്‍ ഉയരുന്ന വിയര്‍പ്പിന്റെയും പുന്നെല്ലിന്റെയും മണം. പോയ കാലം ഒരു പകല്‍ചിത്രം പോലെ അവളുടെ ഒര്മകളിലെത്തി .

വെള്ളം കൊടുക്കുക., അയാളുടെ വാക്കുകള്‍ ഒരു കല്പന പോലെ അവളുടെ കാതുകളെ ഉണര്‍ത്തി.

ഒരു ഞെട്ടലോടെ, അവള്‍ തന്റെ വലതു കരം നീട്ടി.

എള്ള്,പൂവ്, ചന്ദനം മൂന്നു പ്രാവശ്യം.

വീണ്ടും വെള്ളം കൊടുക്കുക. മനസ്സില്‍ നിന്നും മറ്റെല്ലാം മാറ്റി അച്ഛനെ മാത്രം മനസ്സില്‍ ധ്യാനിച്ച്‌ നമസ്കരിക്കുക.

എഴുന്നേല്‍ക്കുക.. ഒരു പ്രൈമറി സ്കൂള്‍ അധ്യാപകനെ പോലെ അയാള്‍ പറഞ്ഞു.

വലതുകയ്യില്‍ കൊടിയിലയില്‍ ചോറുരുളകളും ഇടതുകയ്യില്‍ ഓട്ടുകിണ്ടിയുമായി മുറ്റത്തേക്കു നടക്കുക. അവിടെ ചാണകം കൊണ്ടുണ്ടാക്കിയ തറയില്‍ മൂന്നു പ്രദക്ഷിണം. വെള്ളം കൊടുത്തു ചോറുരുളകളവിടെ വെയ്ക്കുക. ഇല മാടി പുറകോട്ടു നടക്കുക. കൈ രണ്ടും കൊട്ടിയടിക്കുക.

മുറ്റത്ത് പ്ലാവിന്‍ കൊമ്പിരിക്കുന്ന കാക്കയെ അവള്‍ അല്പം ആകാംക്ഷയോടെ,ഇത്തിരി ആകുലതയോടെ നോക്കി,

പിന്നെ കൈകള്‍നനച്ചു കൊട്ടി...

ചെറുപ്പത്തില്‍ എന്തും വെട്ടിപ്പിടിക്കാനും കീഴ്പ്പെടുത്തനുമുള്ള ഒരാവേശം. ഒപ്പം നിഷേധത്തിന്റെ ഒരു സ്വരവും. ഒരുപക്ഷെ അത് തന്നെയായിരിക്കാം കേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നും ഹാര്‍വാര്‍ഡു വരെ തന്നെയെത്തിച്ചതും.

യൂനിവാഴ്സിറ്റി കാമ്പസ്സില്‍ ബിസ്സിനസ്സ് മാനജ്മെന്റിന്റെ ക്ലാസുകളില്‍ അടവുകളുടെയും തന്ത്രങ്ങളുടെയും പുതിയ ധനതത്വ സംഹിതകള്‍ തേടുമ്പോഴും അഹന്തയുടെ അഹങ്കാരത്തിന്റെ യൌവ്വനമായിരുന്നു തനിക്ക്.

ന്യുയോര്‍ക്ക് സിറ്റിയുടെ മായാകാഴ്ചകളില്‍ ആദ്യമൊന്നമ്പരന്നുവെങ്കിലും ഒരു ജാപ്പനീസ് കമ്പനിയുടെ ബിസ്സിനസ്സ് അട്മിനിസ് ട്രേറ്റര്‍ . നിയോണ്‍ വിളക്കുകളുടെ പ്രകാശ ഗരിമയില്‍ തലക്കനം കൂടുകയായിരുന്നു. എന്തോ വെട്ടിപ്പിടിച്ചതിലുള്ള ആഹ്ലാദം.

സമ്പന്നതയില്‍ ശിഥിലമായ ബന്ധങ്ങള്‍, സ്വസ്ഥത അന്യം നിന്ന നാളുകള്‍. കനത്ത മടിശീല കൊണ്ട് മുഖത്തൊരു പുഞ്ചിരി വരുത്താന്‍ ശ്രമിക്കാറുണ്ടേങ്കിലും മനസ്സമാധാനം അല്ല മനസ്സ് തന്നെ നഷ്ടപ്പെട്ട, ഉറക്കം അവധിയെടുത്ത് പോയ നാളുകള്‍.

ഇന്നീ കര്‍ക്കടക നാളുകളിലൊന്നില്‍ അച്ഛന്റെ ആണ്ടുബലിയ്ക്കായി ശ്രാദ്ധമൂട്ടാനുള്ള ഈ വരവ് തന്നെ ഒരുതരം രക്ഷപ്പെടലിന്റെ, തിരിച്ചോട്ടത്തിന്റെതായിരിക്കാം ഒരുപക്ഷെ...

ചാണകം മെഴുകിയ ഈ തറയുടെ മുന്നിലിരിക്കുമ്പോള്‍, ചടച്ച കണ്ണുകള്‍ നോക്കി അച്ഛന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതു പോലെ.. എന്റെ മോള് ഒന്നുറങ്ങിയിട്ടെത്ര നാളായി ..? മോള്‍ക്ക്‌ ഹാര്‍വാഡില്‍ നിന്നും രാമനാഥപുരത്തിനടുത്തു കോവല്‍പ്പട്ടിയെന്ന ഗ്രാമത്തിലേക്കുള്ള ദൂരമെത്രയാണെന്നറിയുമോ..?

വേനലിന്റെ കൊടും ചൂടില്‍ അവിടെ പച്ചക്കറി പാടങ്ങളില്‍ പണിയെടുക്കുന്ന പാവം തമിഴ് പെണ്ണുങ്ങളുടെ വിയര്‍പ്പിലലിഞ്ഞുചെര്‍ന്ന ഉപ്പിന്റെ അളവിനെക്കുറിച്ചറിയുമോ..? അവരനുഭവിക്കുന്ന മനസ്സമാധാനം. തളര്‍ന്നുറങ്ങുന്ന രാത്രികളെ ..?

തന്റെ പരുക്കന്‍ ഖദര്‍ ജുബ്ബയുടെ കൈകള്‍ മേലോട്ട് തിരുകി കൊണ്ട് അച്ഛന്‍ ചിരിക്കുകയാണ് അധികം ബഹളങ്ങളില്ലാതെ...!!

അര്‍ദ്ധ നഗ്നനായ ആ ഫക്കീറിന്റെ മുഖമായിരുന്നു അപ്പോള്‍ അച്ഛന്.

No comments:

Post a Comment